'എന്തിനുവേണ്ടിയാണോ ആ പ്രസ്ഥാനം രൂപീകരിച്ചത് അതിനു വിപരീതമായ പ്രവർത്തന രീതിയാണ് കേരളത്തിലെ പുതിയ നേതാക്കൾ അവലംബിച്ചത്. അങ്ങനെതന്നെയാണ് പാർട്ടിക്ക് കോടികളുടെ ആസ്ഥിയുണ്ടായതും.CPIM എന്നു കേട്ടാൽ ജനങ്ങളുടെ മനസ്സിൽ കുളിര് കൊണ്ടിരുന്ന കാലമൊക്കെ പണ്ടേ പോയ് മറഞ്ഞു. ഇന്ന് CPIM എന്നു കേൾക്കുമ്പോൾ മനസ്സിൽ കുളിരിനു പകരമെത്തുന്നത് 51 എന്ന സംഖ്യയാണ്. വയലുകളിലും കളപ്പുരകളിലും പത്തായപ്പുരകളിലും കാവൽമാടങ്ങളിലും എന്നുവേണ്ട കുടിലുകളിൽ നിന്നു പോലും പാവപ്പെട്ട സ്ത്രീകളുടെ മാനം നഷ്ടപ്പെടുമ്പോഴുള്ള അലറി കരച്ചിൽ ഉയർന്നു വന്നപ്പോൾ അതിനെ ആശയം കൊണ്ട് നേരിടുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. പാവപ്പെട്ട സ്ത്രീകളുടെ മാനത്തിനു വേണ്ടി തീവ്ര ചിന്താഗതി ഉപയോഗിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റുകൾ ദൈവത്തിന്റെ സ്ഥാനത്തേയ്ക്കുയർന്നു ജനമനസ്സുകളിൽ. മേൽപ്പറഞ്ഞ തീവ്ര ചിന്താഗതിയെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തതിനു കാരണം ഇതെല്ലാം പാവങ്ങൾക്കു വേണ്ടിയാണന്ന ബോധ്യം അനുഭവത്തിലൂടെ ആർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ്. അങ്ങനെയുള്ള അണികൾക്കുവേണ്ടി നേതാക്കൾ തങ്ങളുടെ നിലപാടുകളെ പരുവപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം സ്വത്തുക്കൾ അവർക്കു വീതിച്ചു കൊടുത്തുകൊണ്ട് നേതാക്കൻമാർ മാതൃകയായി.മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണന്ന് അടിയുറച്ച് വിശ്വസ്വിച്ചതുകൊണ്ടാണോയെന്തോ കാലം കഴിയുന്തോറും നേതാക്കളുടെ രീതികളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. 1847 ൽ മാർക്സിനേം എംഗത്സിനേം കൊണ്ട് കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ എഴുതിപ്പിച്ചത് ഞാനാണ് എന്ന മട്ടിൽ ചില ചിന്നനേതാക്കൻമാർ ഹുങ്ക് കാട്ടാൻ തുടങ്ങി. ചേറിലും ചെളിയിലും പണികഴിഞ്ഞ് വരുന്ന തൊഴിലാളികളെ കാണുമ്പോൾ ഇത്തരം നേതാക്കളുടെ കുട്ടിക്കൂറ തേച്ച് വെളുപ്പിച്ച മുഖം കറുക്കാൻ തുടങ്ങി. പണിയെടുക്കുന്നതിന്റെ മുക്കാൽ പങ്കും ഇത്തരത്തിലുള്ള ചിന്ന നേതാക്കൻമാർ അമ്മാൻ തുടങ്ങി. ചോദ്യം ചെയ്ത പാവം തൊഴിലാളിയെ ബൂർഷ്വയെന്നു മുദ്രകുത്തിയും കൂട്ടത്തിലുള്ള സഖാക്കളെ ചതിച്ച് മുതലാളിമാർക്ക് വിടുവേല ചെയ്തും ചില ചിന്ന നേതാക്കൾ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു തുടങ്ങി..
അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ 51 വെട്ട് വെട്ടി സ്വന്തം പാർട്ടിക്കാരനായ ഒരു പാവത്തിനെ കാലപുരിക്കയച്ചിട്ട് വൃത്തികേട് എഴുതി വച്ചു. എതിർക്കുന്നവരെ ചുട്ടുകൊല്ലുന്ന മാരകമായ മനസ്ഥിതി കൈവരിച്ച ഇവർക്കു മുൻപിൽ ലോക ഫാസിസ്റ്റുകൾ ഒന്നുമല്ലയെന്നു തോന്നിപ്പോകുന്നു.
ജന്മികളോട് ഇത്തരത്തിൽ ക്രൂരത കാണിച്ചിട്ടില്ല.പിന്നെയെന്തിനാണ് പാവങ്ങളോട് ഇങ്ങനെ കാണിക്കുന്നത്?.
പാവങ്ങൾക്ക് വേണ്ടിയാണ് പഴയ നേതാക്കൾ ആയുധമുപയോഗിച്ചതെങ്കിൽ ഇന്ന് പാവങ്ങളുടെ നേർക്കാണ് ഇക്കൂട്ടർ ആയുധം പ്രയോഗിക്കുന്നത്. നൂറു കണക്കിനാളുകളെ കൊന്നു കൊലവിളിച്ചവരെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ പോളിറ്റ് ബ്യൂറോയിൽനിന്നും സമരം പൊട്ടിപ്പുറപ്പെടും. "മനുഷ്യരെ കൊല്ലാൻ ഒരു നീതിപീഠത്തിനും അവകാശമില്ല " എന്നും പറഞ്ഞാണ് സമരം. അതേ സമയം വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുൾപ്പെടെയുള്ളവരെ ചുട്ടു കൊല്ലുകയും ചെയ്യുന്നു.

No comments:
Post a Comment