Thursday, 19 January 2017

സോഷ്യലിസത്തിന്റെ കേരളഭാഷ

കമ്മ്യൂണിസ്റ്റുകാരുടെ ശത്രുക്കൾ ആരാണന്ന് ചോദിച്ചാൽ ഇന്നു ലഭിക്കുന്ന ഉത്തരം കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെയെന്നായിരിക്കുമെന്നതിൽ സംശയമുള്ളവരായി അധികം സഖാക്കൾ കാണില്ല. കാരണം അണികൾ പഴയ അണികളല്ല. നേതാക്കൾക്കു മാറ്റം സംഭവിച്ചപോലെതന്നെ അണികൾക്കും മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതുതന്നെ. എന്നും രാവിലെ ദേശാഭിമാനി പത്രം മാത്രം വായിച്ച് പാർട്ടിനേതാക്കളുടെ നാവനങ്ങുന്നതിനനുസരിച്ച് തുള്ളിക്കൊണ്ടിരുന്ന സഖാക്കൾ അല്ലയിന്നുള്ളത്. പാർട്ടി നിലപാടുകൾ പലപ്പോഴും മാതൃരാജ്യത്തിനോട് മമത പുലർത്തുന്നതായിരുന്നില്ല എന്ന തിരിച്ചറിവ് നല്ല ശതമാനം സഖാക്കളിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നതിൽ നേതാക്കൾക്കുപോലും രണ്ടഭിപ്രായം കാണില്ല. നാലഞ്ചു കോടി വിലയുള്ള ആഡംബര വാഹനങ്ങളിൽ ആയിരങ്ങൾ വിലമതിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞുവന്നു സോഷ്യലിസം പ്രസംഗിക്കുന്നവരെ ഏത് വർഗ്ഗത്തിൽപ്പെടുത്തണമെന്ന കാര്യം അണികളും ആലോചിച്ചുതുടങ്ങിയെങ്കിൽ അതിൽ അതിശയപ്പെടാനൊന്നുമില്ല. കാലങ്ങൾ ജോലി ചെയ്ത് സ്വരുക്കൂട്ടിയതും കിടപ്പാടം പണയം വച്ചതും പരിചയക്കാരിൽ നിന്നു വാങ്ങിയതുമെല്ലാം പ്രിയപ്പെട്ടവരുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചിട്ട് കൈയ്യിൽ അണപൈസയില്ലാതെ, ഡോക്ടർ എഴുതിക്കൊടുത്ത ചീട്ടിലേയ്ക്ക് നിറകണ്ണുമായി നോക്കിനിൽക്കുന്നവരുടെ മുന്നിലേക്കാണ്, വിലകൂടിയ വസ്ത്രങ്ങളും വാച്ചും കൂളിംഗ് ഗ്ലാസ്സും വച്ച് കോടികൾ വില മതിക്കുന്ന സ്വന്തം വാഹനത്തിൽ വന്ന് സോഷ്യലിസം പ്രസംഗിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ വന്നവർ കാട്ടിക്കൂട്ടുന്ന ഇത്തരം തരംതാണ പ്രവർത്തികൾ അണികളുടെ ചിന്താശക്തിയ്ക്കുദ്ദീപനമായിയെന്നുപറയുന്നതിൽ തെറ്റില്ല. രാജ്യത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളിൽ ഒട്ടും പിന്നിലല്ലാത്ത സ്ഥാനം പാർട്ടി നേതൃത്വത്തിനുണ്ട് എന്ന തിരിച്ചറിവ് അണികൾ പരസ്യമായ് തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മുതുമുത്തച്ഛന്റെ ആനപ്പുറത്തിരുന്നപ്പോൾ കിട്ടിയ തഴമ്പുമായ് എത്ര കാലം ഇങ്ങനെ തുടരാൻ കഴിയും!. കാത്തിരുന്നു കാണാം. 'എന്തിനുവേണ്ടിയാണോ ആ പ്രസ്ഥാനം രൂപീകരിച്ചത് അതിനു വിപരീതമായ പ്രവർത്തന രീതിയാണ് കേരളത്തിലെ പുതിയ നേതാക്കൾ അവലംബിച്ചത്. അങ്ങനെതന്നെയാണ് പാർട്ടിക്ക് കോടികളുടെ ആസ്ഥിയുണ്ടായതും.CPIM എന്നു കേട്ടാൽ ജനങ്ങളുടെ മനസ്സിൽ കുളിര് കൊണ്ടിരുന്ന കാലമൊക്കെ പണ്ടേ പോയ് മറഞ്ഞു. ഇന്ന് CPIM എന്നു കേൾക്കുമ്പോൾ മനസ്സിൽ കുളിരിനു പകരമെത്തുന്നത് 51 എന്ന സംഖ്യയാണ്. വയലുകളിലും കളപ്പുരകളിലും പത്തായപ്പുരകളിലും കാവൽമാടങ്ങളിലും എന്നുവേണ്ട  കുടിലുകളിൽ നിന്നു പോലും പാവപ്പെട്ട സ്ത്രീകളുടെ മാനം നഷ്ടപ്പെടുമ്പോഴുള്ള അലറി കരച്ചിൽ ഉയർന്നു വന്നപ്പോൾ അതിനെ ആശയം കൊണ്ട് നേരിടുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. പാവപ്പെട്ട സ്ത്രീകളുടെ മാനത്തിനു വേണ്ടി തീവ്ര ചിന്താഗതി ഉപയോഗിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റുകൾ ദൈവത്തിന്റെ സ്ഥാനത്തേയ്ക്കുയർന്നു ജനമനസ്സുകളിൽ. മേൽപ്പറഞ്ഞ തീവ്ര ചിന്താഗതിയെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തതിനു കാരണം ഇതെല്ലാം പാവങ്ങൾക്കു വേണ്ടിയാണന്ന ബോധ്യം അനുഭവത്തിലൂടെ ആർജ്ജിക്കാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ്. അങ്ങനെയുള്ള അണികൾക്കുവേണ്ടി നേതാക്കൾ തങ്ങളുടെ നിലപാടുകളെ പരുവപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം സ്വത്തുക്കൾ അവർക്കു വീതിച്ചു കൊടുത്തുകൊണ്ട് നേതാക്കൻമാർ മാതൃകയായി.
           മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണന്ന് അടിയുറച്ച് വിശ്വസ്വിച്ചതുകൊണ്ടാണോയെന്തോ കാലം കഴിയുന്തോറും നേതാക്കളുടെ രീതികളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.  1847 ൽ മാർക്സിനേം എംഗത്സിനേം കൊണ്ട് കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ എഴുതിപ്പിച്ചത് ഞാനാണ് എന്ന മട്ടിൽ ചില ചിന്നനേതാക്കൻമാർ ഹുങ്ക് കാട്ടാൻ തുടങ്ങി. ചേറിലും ചെളിയിലും പണികഴിഞ്ഞ് വരുന്ന തൊഴിലാളികളെ കാണുമ്പോൾ ഇത്തരം നേതാക്കളുടെ കുട്ടിക്കൂറ തേച്ച് വെളുപ്പിച്ച മുഖം കറുക്കാൻ തുടങ്ങി. പണിയെടുക്കുന്നതിന്റെ മുക്കാൽ പങ്കും ഇത്തരത്തിലുള്ള ചിന്ന നേതാക്കൻമാർ അമ്മാൻ തുടങ്ങി. ചോദ്യം ചെയ്ത പാവം തൊഴിലാളിയെ ബൂർഷ്വയെന്നു മുദ്രകുത്തിയും കൂട്ടത്തിലുള്ള സഖാക്കളെ ചതിച്ച് മുതലാളിമാർക്ക് വിടുവേല ചെയ്തും ചില ചിന്ന നേതാക്കൾ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു തുടങ്ങി..
           
 അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ 51 വെട്ട് വെട്ടി സ്വന്തം പാർട്ടിക്കാരനായ ഒരു പാവത്തിനെ കാലപുരിക്കയച്ചിട്ട് വൃത്തികേട് എഴുതി വച്ചു. എതിർക്കുന്നവരെ ചുട്ടുകൊല്ലുന്ന മാരകമായ മനസ്ഥിതി കൈവരിച്ച ഇവർക്കു മുൻപിൽ ലോക ഫാസിസ്റ്റുകൾ ഒന്നുമല്ലയെന്നു തോന്നിപ്പോകുന്നു.
        ജന്മികളോട് ഇത്തരത്തിൽ ക്രൂരത കാണിച്ചിട്ടില്ല.പിന്നെയെന്തിനാണ് പാവങ്ങളോട്  ഇങ്ങനെ കാണിക്കുന്നത്?.
       പാവങ്ങൾക്ക് വേണ്ടിയാണ്  പഴയ നേതാക്കൾ ആയുധമുപയോഗിച്ചതെങ്കിൽ ഇന്ന്  പാവങ്ങളുടെ നേർക്കാണ്  ഇക്കൂട്ടർ ആയുധം പ്രയോഗിക്കുന്നത്. നൂറു കണക്കിനാളുകളെ കൊന്നു കൊലവിളിച്ചവരെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ പോളിറ്റ് ബ്യൂറോയിൽനിന്നും സമരം പൊട്ടിപ്പുറപ്പെടും. "മനുഷ്യരെ കൊല്ലാൻ ഒരു നീതിപീഠത്തിനും അവകാശമില്ല " എന്നും പറഞ്ഞാണ് സമരം.  അതേ സമയം വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുൾപ്പെടെയുള്ളവരെ ചുട്ടു കൊല്ലുകയും ചെയ്യുന്നു.